അവതരണത്തിലും പ്രമേയത്തിലും ഭാഷയിലെ കീഴ്വഴക്കങ്ങൾ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്കാരിക ലോകത്ത് കലാപം സൃഷ്ടിച്ച എഴുത്തുകാരിയാണ് മാധവിക്കുട്ടി. നിത്യപ്രണയത്തിന്റെ വ്രെതനിഷ്ഠമായ സമരാഗ്നിയിൽ ജ്വലിച്ചു നില്ക്കുന്ന സ്ത്രീ സ്വത്വത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്ന കഥകളാണ് നഷ്ടപ്പെട്ട നീലാംബരിയിലും എന്റെ പ്രിയപ്പെട്ട കഥകളിലും ഉള്ളത്. മാധവിക്കുട്ടിയുടെ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച് ഡോ. ഷംഷാദ് ഹുസൈണ്‍ നടത്തിയ പഠനത്തിൽ നിന്ന്– ഡോ. ഷംഷാദ് ഹുസൈന്‍ –
‘എന്റെ വലിയ മുലകളെ പ്രശംസിക്കാന്‍ എന്നും ഏതെങ്കിലും വിഡ്ഢി ഉണ്ടായിരുന്നു.’
ഈയൊരു വാക്യം മതി, മാധവിക്കുട്ടിയുടെ നീഷേധങ്ങളെ അടയാളപ്പെടുത്താന്‍.
വിശദീകരണങ്ങളില്ലാതെ തന്നെ ഈ വാക്യം പല തരത്തില്‍ നമ്മുടെ ബോധ്യങ്ങളെ
തകര്‍ക്കുന്നുണ്ട്.
സ്വന്തം ശരീരത്തെക്കുറിച്ച് തുറന്നെഴുതുന്നു എന്നത് തന്നെ ഒന്നാമത്തെ
കാര്യം. സ്വന്തം ശരീരത്തെ സംബന്ധിച്ച് കൂട്ടുകാരോട് സ്വകാര്യമായി പങ്കു
വെക്കുന്നതു പോലും നാണക്കേടായി കണ്ടിരുന്ന കാലത്താണ് എത്ര ലഘുവായി സുരയ്യ
ഇത് എഴുത്തില്‍ കൊണ്ടു വന്നു എന്നു തിരിച്ചറിഞ്ഞത്. ശരീരത്തെ അതിന്റെ
അഴകിനെ / ആസ്വാദ്യതകളെ തിരിച്ചറിഞ്ഞ് അവര്‍ എഴുതി. സ്ത്രീ ശരീരത്തെ
പരാധീനതയായി മാത്രം കണ്ട ബോധ്യങ്ങളില്‍ നിന്ന് എത്രയോ കാതം അകലെയായിരുന്നു
സുരയ്യ.
പുരുഷന്റെ പ്രേമവചനങ്ങളില്‍ സ്വയം തിരിച്ചറിയുകയും സായൂജ്യമടയുകയും
ചെയ്യുന്ന ഒന്നായിരുന്നു സ്ത്രീയെ സംബന്ധിച്ച് അവളുടെ ശരീരം. അല്ലെങ്കില്‍
അങ്ങനെയല്ലാതെ സ്ത്രീ ശരീരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ സാഹിത്യത്തില്‍
/ സിനിമയില്‍ നാം ഏറെ കണ്ടു ശീലിച്ചിരുന്നില്ല. ഇങ്ങനെ പുരുഷന്റെ
കാമത്തില്‍ വ്‌സ്തു വല്‍ക്കരിക്കപ്പെട്ട ഒന്നായി മാത്രം സ്ത്രീ ശരീരത്തെ
കാണുന്ന രീതിയെ എത്ര ലളിതമായി അവര്‍ നിഷേധിക്കുന്നു.
വിഡ്ഢികള്‍ എന്ന പ്രയോഗം ഈ വാക്യത്തെ ആകെ കിടുക്കി കളയുന്നുണ്ട്. അതു
പോലെ അത് നിലവിലുള്ള പുരുഷ (പ്രബല) ധാരണകളെയും ഉലക്കുന്നു. സ്ത്രീയോടുള്ള
അവന്റെ സൗജന്യം പോലെ കണ്ടിരുന്ന പുരുഷന്റെ പ്രേമ (വചന)ത്തെ സ്ത്രീയെങ്ങിനെ
സ്വീകരിക്കുന്നു എന്ന് ഈ വാക്യം എന്തായാലും അവനെ
ചിന്തിപ്പിച്ചിട്ടുണ്ടാവാം.
മാധവിക്കുട്ടിയുടെ പ്രണയത്തെ / ശരീരത്തെ സംബന്ധിച്ച എഴുത്തുകളെല്ലാം
ഈയൊരു രീതിയില്‍ നിഷേധങ്ങള്‍ മാത്രമായിരുന്നില്ലെന്ന് നമുക്കറിയാം.
ഭര്‍ത്താവിന്റെ കാലടികളെ മണത്തുകൊണ്ട് പരുങ്ങുന്ന അനാഥ പട്ടിയായി അവര്‍
തന്റെ ആത്മാവിനെക്കുറിച്ച് പറയുന്നുണ്ട്.
‘കാര്‍ലോ എന്ന യുവാവിന്, ഞാന്‍ ആ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന എന്റെ
ശരീരത്തെ വെള്ളിത്തളികയില്‍ ഉരുണ്ടു തുടുത്ത കനിയെ എന്ന പോലെ
എന്നെന്നേക്കുമായി കാഴ്ചവെക്കുമായിരുന്നു.’
എന്ന് സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റേതായ തലത്തില്‍ പ്രണയത്തെ ആവിഷ്‌കരിക്കുന്നു.
മേല്‍ പറഞ്ഞ വാക്യങ്ങള്‍ ‘എന്റെ കഥ’യെന്ന ആത്മകഥാ
പുസ്തകത്തിലേതാണെങ്കില്‍ അവര്‍ ആവിഷ്‌കരിച്ച കഥകളും ഇതിന്റെ തുടര്‍ച്ച
തന്നെയാണ്. പ്രണയത്തെയും ദാമ്പത്യത്തെയുമെല്ലാം മാധവിക്കുട്ടിയുടെ
കഥാപാത്രങ്ങള്‍ വിലയിരുത്തുന്ന രീതി രസകരമാണ്. അനശ്വരവും ശാശ്വതവുമായി
പ്രണയത്തെക്കുറിച്ചുള്ള പ്രസംഗങ്ങള്‍ മാത്രമാണ് മലയാള സാഹിത്യത്തില്‍ നാം
കേട്ടു ശീലിച്ചത്. എന്നാല്‍ പ്രണയത്തിന്റെ നിഷേധവും ആഘോഷവും ഒരു പോലെ ഈ
കഥകളില്‍ കാണാം.
‘മാഷ്’ എന്ന കഥയില്‍ സൗന്ദര്യം കുറഞ്ഞവളായ ദാക്ഷായണിയെന്ന
പതിനെട്ടുകാരിയെ ഭാര്യയും കുട്ടികളുമുള്ള മാഷ് വശപ്പെടുത്തുകയാണ്. പക്ഷെ,
‘ദാക്ഷായണിയുടെ പ്രേമം യഥാര്‍ത്ഥമായിരുന്നു’. ഭാര്യയും മക്കളും ഉപേക്ഷിച്ചു
പോയാലും താനയാളെ വെടിയില്ലെന്ന് അവള്‍ തീരുമാനിക്കുന്നു. വസൂരി
പിടിക്കപ്പെട്ടാലും താന്‍ ശുശ്രൂഷിക്കാനുണ്ടാവുമെന്നും, അവള്‍
ഉറപ്പിക്കുന്നു. മാഷ് ബിരിയാണി തിന്നുന്നതിന്റെ ആര്‍ത്തി പിടിച്ച രീതിയാണ് ഈ
പ്രേമത്തില്‍ നിന്നവളെ പിന്തിരിപ്പിക്കുന്നത്.
‘കൊറച്ച് പതുക്കെ കഴിക്കൂ മാഷേ,’ അവള്‍ പിറുപിറുത്തു.
[…]
‘ബിരിയാണി ആര്‍ക്കും തിന്നാന്‍ വയ്യ കുട്ടീ’
മാഷ് പറഞ്ഞു.
അയാള്‍ കണ്ണുകള്‍ ഉരുട്ടി കൊണ്ട് ഇറച്ചി കഷ്ണങ്ങള്‍ വായിലിട്ട് ചവച്ച്
അരച്ചു കൊണ്ടിരുന്നു. പെട്ടെന്നാണ് ദാക്ഷായണിക്ക് ഒരറപ്പ് അനുഭവപ്പെട്ടത്.
താന്‍ ഈ മനുഷ്യനെയാണോ സ്‌നേഹിക്കുന്നത്? അല്‍പ്പം ക്ഷമിച്ചാല്‍
പ്രേമിക്കുവാന്‍ ഇതിലും നല്ലൊരാളെ തനിക്ക് കിട്ടുമല്ലോ. തന്റെ
അയല്‍ക്കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അന്തസ്സുള്ളവനാണ്, എന്തുകൊണ്ട്
താന്‍ ഈ വൃദ്ധനെ പ്രേമിച്ചു? എന്തുകൊണ്ട് ഈ വൃദ്ധന്റെ കൂടെ ഈ ദൂര യാത്ര
ചെയ്തു? പച്ചച്ചാണകത്തിന്റെ മണമുള്ള വിയര്‍പ്പ് താന്‍ എങ്ങനെ ആസ്വദിച്ചു?
ദാക്ഷായണി പെട്ടെന്ന് എഴുന്നേറ്റു നിന്നു.
ഈയൊരൊറ്റ നിമിഷത്തില്‍ ദാക്ഷായണിയുടെ പ്രേമം അവസാനിക്കുകയും അവള്‍ അയാളെ
ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു. പക്ഷെ ജീവിതത്തിന്റെ അവസാന നിമിഷം വരെ
സ്‌നേഹം തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും പുരുഷനെ പ്രണയിച്ചു
കൊണ്ടിരിക്കുന്ന സ്ത്രീകളും മാധവിക്കുട്ടിയുടെ കഥകളിലുണ്ട്. ‘സൂര്യന്‍’
എന്ന കഥയിലെ അമൃത തന്നെ നിരന്തരം നിന്ദിക്കുന്ന പുരുഷനോടുള്ള പ്രേമത്തില്‍
കഴിയുന്നവളാണ്. ‘അമൃതാ, നീ ഇങ്ങനത്തെ ഒരു സ്ത്രീയാണെന്ന് പണ്ടൊന്നും ഞാന്‍
വിചാരിച്ചിരുന്നില്ല’ എന്നു പറഞ്ഞു ചിരിക്കുന്ന ഉണ്ണികൃഷ്ണന് അവളൊരു
വിശദീകരണവും നല്‍കുന്നില്ല. വിവേകിയായ അവള്‍ കുറ്റമെല്ലാം സ്വയം
ഏറ്റെടുക്കുകയാണ്. അവളുടെ പ്രേമം ഉള്‍ക്കൊള്ളാനാകാത്ത അയാള്‍ക്ക് അമൃത
എന്നും ‘ഇങ്ങനത്തെ സ്ത്രീയായി’. മാലാഖയെപ്പോലെ പരിശുദ്ധയെന്നയാള്‍
വിശേഷിപ്പിച്ച പെണ്‍കുട്ടിയുമായുള്ള വിവാഹ ശേഷം അമൃതയെ അവഗണിക്കുകയും
ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു. അപ്പോഴും അവള്‍ ഉണ്ണിയെ കാത്തിരുന്നു.
വിവാഹം / ദാമ്പത്യം സ്ത്രീയെ സംബന്ധിച്ച് എങ്ങനെ ബാധ്യതയാവുന്നു എന്ന്
മാധവിക്കുട്ടിയുടെ കഥകളില്‍ നാം പലപാട് പരിചയിച്ചിട്ടുണ്ട്. ‘കോലാട്’ എന്ന
കഥയാണ് ഏറെ പ്രസിദ്ധം. 43-ാം വയസ്സില്‍ മൂത്തമകനാണ് അവളെ കോലാട് എന്നു
വിളിച്ചത്. മഞ്ഞക്കാമല പിടിച്ച് ആശുപത്രിയില്‍ കിടക്കുമ്പോഴും ‘അയ്യോ
പരിപ്പ് കരിയ്ണ്ട് തോന്ന്ണു’ എന്ന് അവള്‍ നിലവിളിക്കുന്നു. കുടുംബത്തിന്
വേണ്ടി അവള്‍ എന്നല്ലാതെ അവള്‍ക്കു വേണ്ടി അവിടെ ഒന്നും
കരുതിവെക്കപ്പെട്ടില്ല. സ്‌നേഹം പോലും.
ദാമ്പത്യത്തിന്റെ മടുപ്പ് പ്രകടമാകുന്നവരാണ് അധിക കഥാപാത്രങ്ങളും
അല്ലെങ്കില്‍ കാളവണ്ടി പോലെ കുലുങ്ങിക്കുലുങ്ങി ജീവിതം കഴിച്ചു
കൂട്ടുന്നവര്‍. അതുവരെ മലയാള സാഹിത്യത്തില്‍ നാം പരിചയിച്ച സ്ത്രീ
കഥാപാത്രങ്ങളില്‍ നിന്നു ഭിന്നരാണ് ഇവര്‍. ത്യാഗശീലയായ അമ്മ, എല്ലാറ്റിനും
പ്രചോദനമാകുന്ന ഭാര്യ, ആദര്‍ശ ശുദ്ധിയുള്ള കാമുകി, സ്‌നേഹമയിയായ പെങ്ങള്‍,
ഇവരൊക്കെ കഥകളില്‍ നമുക്കു പരിചിതരെങ്കിലും സ്ത്രീയനുഭവങ്ങളോടു നീതി
പുലര്‍ത്താനിവക്കായിരുന്നില്ല. മാധവിക്കുട്ടിയുടെ സ്ത്രീ കഥാപാത്രങ്ങള്‍
ആദര്‍ശ ശുദ്ധിക്കു പകരം അനുഭവങ്ങളോടാണ് നീതി പുലര്‍ത്തിയത്. കോലാട് എന്ന
കഥയെക്കുറിച്ച് വിജയലക്ഷ്മി പറഞ്ഞു, ‘കോലാടിന്റെ മുഖപടം ഇഴകിച്ചേര്‍ന്ന
എന്റെ ജീവിതത്തിന് ഒരിക്കലും ആ കഥയില്‍ നിന്ന് മോചനമുണ്ടായില്ല’ എന്ന്.
കുടുംബത്തിന് പുറത്തുള്ള ബന്ധങ്ങളെ ആദ്യമായി പ്രണയം എന്നു വിളിച്ചതും
മാധവിക്കുട്ടിയാകാം. അതുവരെ ജാര സംസര്‍ഗ്ഗമെന്നോ വ്യഭിചാരമെന്നോ മാത്രം നാം
വിളിച്ചിരുന്ന ബന്ധങ്ങളെ വിവാഹത്തേക്കാള്‍ ഉയര്‍ന്ന തലത്തിലാണവര്‍
പ്രതിഷ്ഠിച്ചത്.
‘എന്റെ ഭര്‍ത്താവിന്റെ ആശ്ലേഷത്തില്‍ ഞാന്‍ വീണ്ടും ഒരു
വ്യഭിചാരിണിയായി. വസ്ത്രങ്ങള്‍ക്കും ഭക്ഷണത്തിനും വേണ്ടി ഒരാള്‍ക്ക്
കീഴടങ്ങുന്നവളാണല്ലോ യഥാര്‍ത്ഥ വ്യഭിചാരിണി. ഞാന്‍ എല്ലാറ്റിനുമുപരിയായി
സ്‌നേഹിക്കുന്നവന്റെ കൈകള്‍ക്കുള്ളില്‍ ഞാനെന്നും നിര്‍മ്മലമായിരുന്നു.
ചാരിത്രവതിയായിരുന്നു.’ എന്നാണ് ‘രാധയുടെ കത്തി’ല്‍ അവള്‍
രാധാകൃഷ്ണനെഴുതുന്നത്. ‘രോഹിണി’ എന്ന കഥയില്‍ തന്നെ ബലാത്സംഗം ചെയ്യുന്ന
വിജയനുമായവള്‍ അനുരക്തയാവുന്നു. ‘തെമ്മാടി എത്ര സുന്ദരനാണ്’ എന്നാണവള്‍ക്കു
തോന്നുന്നത്. ‘രാത്രിയില്‍’, ‘പട്ടങ്ങള്‍’ തുടങ്ങി അനേകം കഥകളില്‍ ഇതേ
പ്രമേയമാണുള്ളത്.
പ്രണയത്തെ കുടുംബത്തിന് പുറത്തു കൊണ്ടു വന്ന പോലെ ഭിന്ന വര്‍ഗ്ഗ
കെളികളില്‍ നിന്നും സുരയ്യ മോചിപ്പിക്കുന്നു. ആദ്യമായി എന്നെ വിലയിരുത്തിയ
പെണ്‍കുട്ടിയെന്നാണ് തന്നോട് പ്രേമം പ്രകടിപ്പിക്കുകയും ചുംബിക്കുകയും
ചെയ്ത പെണ്‍കുട്ടിയെ അവരോര്‍ക്കുന്നത്. ആ പെണ്‍കുട്ടി കൂട്ടുകാരെ
സംബന്ധിച്ച് സ്വവര്‍ഗ്ഗ പ്രേമിയും അതിനാല്‍ വിശ്വസിക്കാന്‍
കൊള്ളാത്തവളുമായിരുന്നു. എന്നാല്‍ അവളുണ്ടാക്കി തന്ന ആത്മവിശ്വാസം
പിന്നീടൊരിക്കലും എന്നെ കൈവിട്ടിട്ടില്ലെന്നാണ് മാധവിക്കുട്ടി
ഓര്‍ക്കുന്നത്. ‘ചന്ദനമരങ്ങള്‍’ ഈ അനുഭവത്തെ ആവിഷ്‌കരിക്കുന്ന മികച്ച
കഥയായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. എഴുപതുകളില്‍ തന്നെ
സ്വവര്‍ഗ്ഗാനുരാഗത്തെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മലയാളത്തില്‍ ആവിഷ്‌കരിച്ച്
മലയാളി എന്നതിനെ തന്നെ അഭിമാനസ്ഥാനമാക്കി മാറ്റുകയായിരുന്നു മാധവിക്കുട്ടി.
സ്ഥാപനങ്ങളെ സംബന്ധിച്ചു മാത്രമല്ല, മാധവിക്കുട്ടിക്ക് ഈ വിപരീത
കാഴ്ചയുള്ളത്. ഒരേ സമയം കഥകളില്‍ യജമാനത്തിയായും വേലക്കാരിയായും ആഖ്യാതാവ്
പ്രത്യക്ഷപ്പെടുന്നു. സ്ത്രീയുടേതു പോലെ പുരുഷന്റെ മനസ്സും ഇവര്‍
സൂക്ഷ്മതയോടെ അവതരിപ്പിച്ചിട്ടുണ്ട്.
‘ചുവന്ന പാവാട’ എന്ന കഥയില്‍ ഗര്‍ഭിണിയായ യജമാനത്തിയും അവരുടെ പീഢനങ്ങള്‍ ഒരുപോലെ സഹിക്കുന്ന ഭര്‍ത്താവും വേലക്കാരിയുമുണ്ട്.
‘ഞാന്‍ ആശുപത്രീല് കെടക്കുമ്പോ നിങ്ങളെങ്ങനെയാ ഇബടെ കഴിച്ചുട്ട്ാ? അവര്‍ ചോദിച്ചു.
‘ഈ പെണ്ണ് ചോറു വെച്ചു തന്നിട്ട് നിങ്ങള് ചോറുണ്ണുണ്ടാവില്ല്യ. അത് തീര്‍ച്ചയാ. അവളെ രാവിലെ വിളിച്ചുണര്‍ത്താനും ഒക്കെ നിങ്ങളെക്കൊണ്ടാവ്വോ?’
‘നാലു ദിവസല്ലേ ലെക്ഷ്മൂട്ടീ’ അയാള്‍ പറഞ്ഞു.
‘അതൊക്കെ ശരിയാവും, അവള്‍ക്ക് വയ്യെങ്കില്‍ ഞാന്‍ വയ്ക്കാല്ലോ ചോറും കൂട്ടാനും. ഒന്നിനും കൊള്ളാത്തോനോന്നാവ്ല്ല ഞാനും.’
‘നിങ്ങള് ചോറും ചായേം ഒക്കെ ഉണ്ടാക്കി സത്കരിക്കും അല്ലേ? അവളെ വിളിച്ചിട്ട് ‘രാധേ ചായകുടിച്ചോ’ന്ന് പറയും അല്ലേ? ഇയ്ക്കറിയാം, ഞാന്‍ ഇബ്ടന്നങ്ങട്ട് പോയിക്കിട്ടാന്‍ കാത്തിരിക്ക്യാ നിങ്ങള്. ആ ചേട്ടയും.
കാക്കയോടും തന്റെ കുപ്പിവളകളോടും സംവദിക്കുന്ന വേലക്കാരിയുടെ
കാഴ്ചയിലൂടെയാണീ കഥ നീങ്ങുന്നത്. അന്നു രാവിലെ യജമാനന്‍ അവളെ ചവിട്ടുകയും
അടിക്കുകയും ചെയ്തിരുന്നു. അതിനു കാരണം മനസ്സിലാവാതെ അവള്‍ ദുഃഖിതയായി.
ഒടുവില്‍ തന്റെ കുറ്റം കൊണ്ടല്ലെന്ന് മനസ്സിലാവുമ്പോള്‍ അവള്‍ പഴയ
പടിയാവുന്നു.
നഗ്നശരീരങ്ങൾ (കഥ)
വിധവ കലാകാരിയായിരുന്നതുകൊണ്ട് അവളെ രഹസ്യമായി വെറുക്കുവാൻ
ബന്ധുക്കൾക്ക് പ്രയാസം നേരിട്ടില്ല.അവളുടെ പുതിയ ഏകാകിത്വം കലാരചനയ്ക്ക്
മങ്ങലേൽപ്പിക്കുമെന്ന് അവർ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.അവൾ ദാരിദ്ര്യം
മൂലം ക്ഷയിക്കുമെന്ന് അവർ കരുതി.
“ഇപ്പോ എവിടെപ്പോയി ആ ഗർവ്വൊക്കെ?” അവർ അന്യോന്യം ചോദിച്ചു.ആ ചോദ്യത്തിന് കൂട്ടായി വികൃതങ്ങളായ പരിഹാസച്ചിരികൾ ചിരിച്ചു.
തങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന പ്രഗൽഭമതികളെ സാധാരണക്കാർക്ക്
ഇഷ്ടപ്പെടുകയില്ല.അതു പ്രകൃതി നിയമമാണ്. കൗമാരദശമുതൽ വാർദ്ധക്യത്തിന്റെ
ആരംഭംവരെയും അവൾ അവരിൽനിന്ന് സ്നേഹവും സഹിഷ്ണുതയും നേടിയെടുക്കാൻ
ശ്രമിച്ചു.ആരോടും അടുക്കുവാൻ കഴിഞ്ഞതുമില്ല.അതുകൊണ്ടാവാം ഭർത്താവിന്റെ മരണം
അവളെ മാനസികമായും ശാരീരികമായും തളർത്തിയത്.
അവൾ നഗരത്തിലെ ഒരു വാടകവീട്ടിൽത്തന്നെ ജീവിതം തുടരുന്നതിൽ ആവർ രോഷം
പ്രകടിപ്പിച്ചു.അവൾക്ക് തന്റെ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന
തറവാട്ടുവീട്ടിലേക്ക് മാറ്റിക്കൂടേ? ആ വീട്ടിൽ സ്ഥിരതാമസമാക്കിയ
മരപ്പട്ടികളേയും എലികളേയും നരിച്ചീറുകളേയും കുരുടിപ്പാമ്പുകളേയും
പമ്പകടത്തി മുറികൾ വൃത്തിയാക്കുവാനും അവൾക്ക് സാധിക്കില്ലെന്നോ? അല്ലെങ്കിൽ
എന്തിന് എല്ലാ മുറികളും വൃത്തിയാക്കുന്നു? അവൾക്ക് താമസിക്കുവാൻ ഒരു
മുറിയും അടുക്കളയും മതിയല്ലോ.ഭർത്താവുള്ളപ്പോൾ തളത്തിലും മുറ്റത്തും
തിങ്ങിയിരുന്ന സന്ദർശകവൃന്ദം ഗ്രാമത്തിലേക്ക് അവളെ
തേടിപ്പോവുകയില്ലല്ലോ.അഥവാ സന്ദർശകർ വന്നെത്തിയാൽ അവൾ അവരെ
സ്വീകരിച്ചിരുത്താൻ പാടില്ല. ഒരു വിധവ എന്തിന് പുരുഷന്മാരുമായി
സല്ലപിക്കുന്നു? രാവിലെ പൊടിയരിക്കഞ്ഞി കുടിക്കാം.മറ്റു രണ്ടു നേരവും ഊണ്.
അവൾക്ക് നാട്ടിൽ പരിചാരകർ ആവശ്യമില്ല.ഒരാൾക്ക് ഭക്ഷണം ഒരുക്കുവാൻ പരിചാരകർ
വേണമോ?
ബന്ധുക്കൾ അവളെപ്പറ്റി നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു.അവൾ
തങ്ങൾക്കൊരു ഭാരമായിത്തീരുമെന്ന നിഗമനത്തിൽ അവർ എത്തിയിരുന്നു. ഏകാകിനിയായി
മാറിയ ആ കലാകാരി തങ്ങളുടെ തറവാടിന് കളങ്കം വരുത്തുമോ? അവൾ ഇനിമേൽ നഗ്നരായ
സ്ത്രീകളുടെചിത്രങ്ങൾ രചിക്കരുതെന്ന് അവർ ഉപദേശിച്ചു.അന്ന് നിന്റെ ഏത്
പ്രവൃത്തിക്കും പിന്നിൽ സർവ്വവും സഹിക്കുവാൻ പഠിച്ച ഒരു
ഭർത്താവുണ്ടായിരുന്നു.ഇന്ന് നിന്റെ പിന്നിൽ ത്യാഗവാന്മാരില്ല.വാത്സല്യം
അന്ധനാക്കിയ രക്ഷിതാവില്ല. അവർ അവളോട് പറഞ്ഞു.
കടുത്ത വ്യഥകൊണ്ട് അവൾ രോഗശയ്യയെ അവലംബിച്ചപ്പോൾ ബന്ധുമിത്രാതികൾ അവളെ
നിരന്തരം സന്ദർശിച്ചു.മരുന്ന് വാങ്ങിക്കൊണ്ടുവരാനും ഫോണിലൂടെ സന്ദേശങ്ങൾ
കൈമാറാനും അവർ താത്പര്യം പ്രകടിപ്പിച്ചു. അവർ തന്നെ സ്നേഹിക്കുന്നുവെന്ന്
അവൾ സംശയിച്ചു.
രോഗവിമുകതയായപ്പോൾ വീണ്ടും അവർ ചോദ്യങ്ങൾ കൊണ്ട് അവളെ പൊതിഞ്ഞു.അവളുടെ
ഭാവി പരിപാടി എന്തായിരിക്കും.ഇനിയും അവൾ ചിത്രങ്ങൾ വരഞ്ഞ് വിൽക്കുമോ?ഭീമമായ
വാടക കൊടുത്ത് നഗരത്തിൽ പിടിച്ച് നിൽക്കുമോ?വിദേശത്തുള്ള മകൻ അവളെ തന്റെ
കുടുംബത്തിലേക്ക് ക്ഷണിച്ച് വരുത്തുമോ?ആ മകൻ അവൾ പ്രസവിച്ച്
മകനല്ലാത്തതുകൊണ്ട് അയാളുടെ വീട്ടിൽ അവൾക്ക് സ്ഥിരമായ ഒരു സ്ഥാനം
ഉണ്ടാവുമോ?
അവൾ ഒരു കൈയിൽനിന്ന് മറ്റൊരു കൈയിലേക്ക് വീഴുന്ന നാണയം പോലെ ഒരു പൊതുചടങ്ങിലേക്ക് നീങ്ങുവാൻ വീണ്ടും ആരംഭിച്ചപ്പോൾ അവർ പറഞ്ഞു..
“ദു:ഖം അവസാനിപ്പിച്ചെന്ന് തോന്നുന്നു.ചമഞ്ഞ് ഇറങ്ങിത്തുടങ്ങി
പ്രസംഗിക്കാൻ .പബ്ലിസിറ്റി കിട്ടുവാൻ ഇത്രയേറെ ആർത്തിയുള്ള മറ്റൊരു
സ്ത്രിയേയും ഞങ്ങൾ കണ്ടിട്ടില്ല.”
അവളെ രഹസ്യമായെങ്കിലും അശ്രീകരം,തേവിടിശ്ശി മുതലായ പദങ്ങളാൽ അവർ
വിശേഷിപ്പിച്ചു.അവളെ കാണുമ്പോൾ ആ മെലിഞ്ഞ ശരീരത്തെ അവർ ആശ്ലേഷിച്ചു.കണ്ടതിൽ
സന്തോഷമുണ്ടെന്ന് അമിതാഭിനയത്താൽ പ്രകടിപ്പിക്കുവാൻ യത്നിച്ചു.
അവൾ ഉറങ്ങുവാൻ തുടങ്ങുന്നതിനു മുമ്പ് തന്റെ ഭർത്താവിന്റെ ഛായാപടത്തിനോട് ചോദിച്ചു:
“ഇനി ഞാൻ എന്തു ചെയ്യണം?”
വീട് എന്ന പദത്തിന് അർത്ഥമില്ലാതായിക്കഴിഞ്ഞിരുന്നു.ഭർത്താവില്ലാത്ത
വീട് വീടല്ല,വെറുമൊരു കെട്ടിടമാണ് എന്ന് അവൾക്ക്
തോന്നിപ്പോയി.എഴുത്തുകാരനായ വിദേശിയൻ അവൾക്ക് എഴുതി:
വിരോധമില്ലെങ്കിൽ എന്റെ ഭാര്യയാവുക.ഞാൻ നിങ്ങളെ നിധിപോലെ
കാത്തുരക്ഷിക്കാം” ബ്രഹ്മചാരിണിയായ ഒരു ഭാര്യയെ ആ ദയാലുവിന്
ആവശ്യമുണ്ടാവില്ലെന്ന് അവൾക്ക് തോന്നി.അടുത്ത് ഇരുന്ന് കൊണ്ട്
സംസാരിക്കുവാൻ ഒരാളെ ലഭിക്കുകയില്ലെന്ന് അവൾ തന്നോടുതന്നെ
പറഞ്ഞു.സങ്കടപ്പെടുമ്പോൾ തലയിൽ തലോടി സമാശ്വസിപ്പിക്കുവാൻ ഇനി തനിക്ക്
ആരുമുണ്ടാവില്ല.
ഭർത്താവിന്റെ മരണത്തോടെ തന്റെ വില ഇടിഞ്ഞു കഴിഞ്ഞു.സമൂഹത്തിന്
തലവേദനയായി മാറിയിരിക്കുകയാണ് താനെന്ന് അവൾക്ക് മനസ്സിലായി.നഗ്നശരീരങ്ങളുടെ
മനോഹാരിത ഇനി ഒരിക്കലും ക്യാന്വാസിൽ പകർത്തുവാൻ തനിക്ക് ധൈര്യം
വരില്ലെന്ന് അവൾ ഭയന്നു.അവൾ വിദേശത്തുനിന്ന് വന്ന് കത്ത്
കീറികളഞ്ഞു.പിന്നീട് തന്റെ വാതിൽ അകത്തുനിന്ന് പൂട്ടി,കട്ടിലിൽ കയറി
കിടന്നു.നവജാതമായ ആ ഏകാന്തത അവളെ നീരാളിക്കൈകളാൽ ആലിംഗനം ചെയ്തു.
nangna shareerangal wonderful story. aa kadhasamaharathile 13 kadhakalum oonin onn mecham thanne. nashatapetta neelamnari cinema ayi kandappol athin thilakkam koodi.
ReplyDelete