ഒരു രാജാവിന്റെ പ്രേമഭാജനമാവാന്‍ എന്നെന്നും ആഗ്രഹിച്ചിരുന്നവളായ ഞാന്‍ എന്റെ മുപ്പത്തഞ്ചാമത്തെ വയസ്സില്‍ ഒരു ദിവസം മധ്യാഹ്നത്തില്‍ സ്ഥലത്തെ ഏറ്റവും പ്രധാനപ്പെട്ട ഹോട്ടലിലെ ചുവന്ന പരവതാനിക്കീറുകള്‍ വിരിച്ച ഇടനാഴികകളില്‍ക്കൂടി തലയുയര്‍ത്തിപ്പിടിച്ചും വലത്തെ കൈകൊണ്ട് സാരിയുടെ അടിവക്ക് ഒരംഗുലത്തോളം നിലത്തുനിന്ന് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും നടന്ന്, എന്റെ വാര്‍ദ്ധക്യം ബാധിച്ചുതുടങ്ങിയ കാമുകന്‍ കിടന്നിരുന്ന മുറിയുടെ വാതില്ക്കലെത്തി. എന്നെ പ്രതീക്ഷിച്ചുകിടക്കുമ്പോള്‍ അദ്ദേഹം ഒരിക്കലും വാതില്‍ പൂട്ടാറില്ല. ഞാന്‍ വാതില്‍ തള്ളിത്തുറന്ന് തളത്തിലെ നേര്‍ത്ത ഇരുട്ടിലേക്ക് പ്രവേശിച്ചു. അതിനുമപ്പുറത്തു കിടപ്പുമുറിയില്‍, ഇരട്ടക്കട്ടിലിനുമീതെ ഇരട്ടക്കിടക്കമേല്‍, തന്റെ മുഖമല്ലാത്ത മറ്റെല്ലാ ഭാഗങ്ങളും മൂടിക്കൊണ്ട് രാജാവ് ഉറക്കം അഭിനയിച്ച് കിടക്കുകയായിരുന്നു. നിദ്രയിലാണ്ട തന്റെ മുഖം എന്നിലുണ്ടാക്കുന്ന പ്രത്യാഘാതം രഹസ്യമായി കണ്ണിമയ്ക്കുള്ളിലൂടെ നോക്കിരസിക്കുവാനാണ് ആ അഭിനയക്കാരന്‍ ഉദ്ദേശിച്ചിരുന്നത്. ഞാനും അഭിനയിക്കാന്‍ സദാ സന്നദ്ധയായിരുന്നു. അതുകൊണ്ട് കിടക്കയിലിരുന്ന്, ഞാന്‍ അദ്ദേഹത്തിന്റെ ചുണ്ടുകളും നെറ്റിയും വാത്സല്യവായ്‌പോടെ ചുംബിച്ചു. എന്നിട്ട് അദ്ദേഹത്തിന്റെ തല എന്റെ മാറിടത്തോട് ചേര്‍ത്തു ഞാന്‍ മന്ത്രിച്ചു: 'എന്റെ ബേബീ, എന്റെ കൊച്ചുബേബീ....'
അദ്ദേഹം കണ്ണുകള്‍ മിഴിച്ചു. മധ്യാഹ്നഭക്ഷണത്തിനുമുമ്പ് കുറച്ചധികം കുടിച്ചിട്ടോ എന്തോ അദ്ദേഹത്തിന്റെ കണ്ണുകള്‍ തുടുത്തും വീങ്ങിയുമിരുന്നു. അദ്ദേഹമെന്നെ വലിച്ച് തന്റെ പുതപ്പിനുള്ളിലാക്കുവാനൊരു ശ്രമം നടത്തി. 'നില്ക്കൂ' ഞാന്‍ പറഞ്ഞു: 'ഞാന്‍ സാരിയഴിച്ചു വെയ്ക്കട്ടെ. ഇതു ചുളിവുകള്‍ വീഴാത്ത തരം പട്ടൊന്നുമല്ല.'
ശരീരത്തില്‍ അടിപ്പാവാടയും ജാക്കറ്റും മാത്രമായപ്പോള്‍ ഞാന്‍ കണ്ണാടിക്കുമുമ്പിലിരുന്ന് എന്റെ തലമുടിയിലെ സൂചികള്‍ ഓരോന്നായി വലിച്ചെടുത്ത് മേശപ്പുറത്തു നിരത്തി. അദ്ദേഹമെന്നെ നോക്കിക്കൊണ്ട് ചരിഞ്ഞു കിടക്കുകയായിരുന്നു.
അടിവയറിന്റെ മാംസളത്വം എനിക്കത്ര ഇഷ്ടപ്പെട്ടില്ല. എന്റെ മുലകള്‍ക്കും പറ്റിക്കഴിഞ്ഞിരുന്നു ആയിടയ്ക്കായി കുറച്ചൊരു ഇടിച്ചില്‍. പ്രസവിക്കാത്ത ഒരു ലോലഗാത്രി എവിടെനിന്നെങ്കിലും ഓടിവന്ന് എന്റെ രാജാവിനെ ആകര്‍ഷിക്കുവാന്‍ ഒരുമ്പെട്ടാല്‍ എന്റെ സ്ഥിതി വഷളാവുമോ? ഞാനന്ന്, ആ നിമിഷത്തില്‍ മരിക്കും. മറ്റൊരുവളെ രാജാവ് തൊടുന്ന ആ നിമിഷത്തില്‍ എന്റെ ഹൃദയം തകര്‍ന്ന് ഞാന്‍ മരിച്ചുവീഴും.
'വരൂ വേഗം.' രാജാവ് പറഞ്ഞു: 'എനിക്കു തണുത്തിട്ടു വയ്യ....'
ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നു. അദ്ദേഹമെന്റെ തലമുടിയഴിച്ച് തന്റെ മുഖത്തിനുചുറ്റും ഒരു തിരശ്ശീലയാക്കി. എന്നിട്ട് ആ തലമുടിയില്‍ തന്റെ മുഖമമര്‍ത്തി ദീര്‍ഘദീര്‍ഘമായി അതിന്റെ മണം ശ്വസിച്ചെടുത്തു.
'നിന്റെ മുടിയില്‍ സിഗരറ്റിന്റെ മണമുണ്ട്. നല്ല ഇറ്റാലിയന്‍ സിഗരറ്റ്.' രാജാവ് പറഞ്ഞു.
'ഉണ്ടായിരിക്കാം.' ഞാന്‍ പറഞ്ഞു. രാജാവ് ബുദ്ധിശാലിയാണ്. ബുദ്ധിരാക്ഷസനെന്നു പരക്കെ വിളിക്കപ്പെടുന്നവനാണ്. അദ്ദേഹത്തെ വഞ്ചിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.
'ഇന്ന് നീ ജീനോവിനെ കണ്ടു, അല്ലേ?' അദ്ദേഹം ചോദിച്ചു.
'ഉവ്വ്.' ഞാന്‍ പറഞ്ഞു: 'പക്ഷേ, അതിനു കാരണമുണ്ട്. ഇന്ന് ജീനോവിന്റെ നാല്പതാമത്തെ പിറന്നാളാണ്. ഇന്ന് ഒന്നിച്ച് ഭക്ഷണംകഴിക്കാമെന്ന് ഞാന്‍ എന്നേ വാക്കുകൊടുത്തുകഴിഞ്ഞിരുന്നു.'
രാജാവ് തന്റെ വേദന മറച്ച് ചിരിക്കുവാന്‍ ശ്രമിച്ചു. തൊലിവരണ്ട ആ ചുണ്ടുകളെ ചുംബിക്കുവാന്‍ ഞാന്‍ അപ്പോള്‍ ആഗ്രഹിച്ചു. ചിരിക്കുവാന്‍ മിനക്കെടുന്നതെന്തിന് എന്ന് ചോദിക്കുവാന്‍ എനിക്ക് തോന്നാതിരുന്നില്ല. കരയുവാന്‍ കാരണമുള്ളപ്പോള്‍ ചിരിക്കുന്നതെന്തിന്? നിന്റെ അഭിമാനത്തെ, ചുവന്ന കോടിപ്പട്ടുപോലെയുള്ള അഭിമാനത്തെ ഞാന്‍ തുണ്ടുതുണ്ടാക്കി കീറിക്കളയുകയാണല്ലോ. നിന്റെ ഓമനയുടെ മുടിയില്‍ സിഗരറ്റിന്റെ മണം. അവളുടെ ശരീരത്തില്‍ മറ്റൊരുത്തന്റെ കൈവിരലടയാളങ്ങള്‍. അവളുടെ കഴുത്തില്‍ മറ്റൊരാളുടെ ദന്തക്ഷതം..... നിനക്ക് കോപിച്ചുകൂടേ? നിനക്ക് എന്റെ തലമുടി പിടിച്ചും വലിച്ചും എന്നെ മര്‍ദ്ദിച്ചും വേദനിപ്പിച്ചുകൂടേ? ഇല്ലെങ്കില്‍ ഞാന്‍ പറയുന്നതുമുഴുവന്‍ ശ്രദ്ധിച്ചുകേള്‍ക്കൂ. ഞാന്‍ ജീനോ ബുസാറ്റി എന്ന ഇറ്റലിക്കാരന്റെ കൂടെ നാലു മണിക്കൂറുകള്‍ ചെലവഴിച്ചു. ജൂഹുവില്‍ ഒരു മാസത്തിനുവേണ്ടി വാടകയ്‌ക്കെടുത്ത വില്ലയില്‍ ഞങ്ങളുടേതു മാത്രമായ ആ കിടപ്പറയില്‍ ഞങ്ങളുടേതുമാത്രമായ ആ കിടക്കയില്‍ കിടന്നുകൊണ്ട് സുന്ദരനും യുവാവുമായ ജീനോ എന്നെ ആശ്ലേഷിച്ചു. അയാളുടെ ശരീരത്തിന്റെ കാന്തി സൂര്യവെളിച്ചംപോലെ എന്റെ കണ്ണുകളില്‍ നിറഞ്ഞുനിന്നു. പക്ഷേ, ഞാന്‍ ആനന്ദിച്ചില്ല. എന്റെ ഓമനേ, സംശയാലുവും അഭിമാനിയുമായ എന്റെ രാജാവേ, അയാളുടെ കരുത്തുറ്റ കരവലയത്തില്‍ ഞാന്‍ വെറും മൃതയായിരുന്നു. എന്റെ എല്ലാ വിചാരങ്ങളും നിന്നെപ്പറ്റിയായിരുന്നു. നീ ചോദിക്കുമായിരിക്കാം, ഞാനെന്തിന് ജീനോവിന്റെ കൂടെ പോയി എന്ന്. ഒരു പതിവ്രതയുടെ ഹൃദയഭാരവും പേറിക്കൊണ്ട് ഞാനെന്തിന് മറ്റൊരുത്തന്റെ കിടക്കയില്‍ പ്രവേശിച്ചു. എന്റെ സന്ദര്‍ശനംകൊണ്ട് ആ പാവപ്പെട്ടവന് എന്താണ് നേടാന്‍ കഴിഞ്ഞത്? അതിനും ഞാന്‍ മറുപടി പറഞ്ഞുതരാം.
ജീനോ ഇന്നോ ഇന്നലെയോ ഞാന്‍ തുടങ്ങിവെച്ച ഒരു ദുശ്ശീലമല്ല. അയാള്‍ക്കിരുപതും എനിക്ക് പതിനഞ്ചും വയസ്സുള്ള കാലത്താണ് ഞങ്ങള്‍ കാമുകീകാമുകന്മാരായിത്തീര്‍ന്നത്. അച്ഛന്‍ മറുനാട്ടിലേക്ക് സര്‍ക്കീട്ട് പോയിരിക്കുകയായിരുന്നു. രാത്രി കൃത്യം ഒമ്പതരയ്ക്ക് വെപ്പുകാരന്‍ തന്റെ ടോര്‍ച്ചുമായി അടുക്കളമാളികയിലേക്ക് ഉറങ്ങുവാന്‍ പോയി. ജീനോ ജനലില്‍ക്കൂടി വിളിച്ചു പറഞ്ഞു: 'തുറക്കൂ വാതില്‍.' പുറത്ത് വല്ലാത്ത തണുപ്പാണ്.' ജീനോവിന്റെ വിയര്‍പ്പിനു രൂക്ഷമായ ഗന്ധകമണമുണ്ടായിരുന്നു. എനിക്ക് രാവിലെയാകുന്നതുവരെയും ഉറക്കം വന്നില്ല. ലജ്ജയും അപമാനവും കഠിനമായ ദേഹാസ്വാസ്ഥ്യവും നിമിത്തം ഞാന്‍ വല്ലാതെ തളര്‍ന്നവശയായി. രാവിലെ എന്നെ വിട്ട് തന്റെ വീട്ടിലേക്കു പോകുമ്പോള്‍ ജീനോ പറഞ്ഞു: 'കരയരുത്, തനിച്ചു കിടന്നു കരയരുത്. നീ എന്റെ ജീവനാണ്. അതൊരിക്കലും നീ മറക്കരുത്.' ഞാനും ജീനോവും തമ്മില്‍ കൈമാറുന്ന ഈ പഴകിയ വികാരത്തെ ഞാന്‍ പ്രേമമെന്നു വിളിക്കട്ടെയോ? അതോ, എന്റെയും നിന്റെയും മധ്യത്തില്‍ നീറിനീറിക്കത്തുന്ന ഈ അഗ്നിയാണോ ശരിയായ പ്രേമം? നിന്നെ കണ്ട ദിവസംതന്നെ ഞാന്‍ നിന്റെ പെണ്ണായിത്തീര്‍ന്നു. നിന്റെ മന്ത്രിമാരില്‍ ഏറ്റവും എളിയവനായിരുന്ന എന്റെ ഭര്‍ത്താവ് നിന്റെ സ്തുതികള്‍ പാടി എന്നെ മയക്കിക്കഴിഞ്ഞിരുന്നു. നിന്റെ ബുദ്ധിശക്തി, നിന്റെ ഔദാര്യം, നിന്റെ മഹാമനസ്‌കത, നിന്റെ ആശ്ചര്യകരമായ വിനയശീലം, നിന്റെ ശ്രേഷ്ഠത... എന്തിന് ഇതിലധികം വര്‍ണിക്കുന്നു! നിന്റെ സ്തുതിഗീതങ്ങള്‍ കേട്ടുകേട്ട് എന്റെ തലയ്ക്ക് ഹരംപിടിച്ചു കഴിഞ്ഞിരുന്നു. നിന്റെ ഭാര്യ പറഞ്ഞു: 'ഇതാണ് എന്റെ ഭര്‍ത്താവ്.' നീ ഒരു ജുബ്ബയും മസ്ലിന്‍ദോത്തിയുമാണ് ധരിച്ചിരുന്നത്. നിന്റെ ശരീരത്തിന്റെ ലാവണ്യവും മാര്‍ദ്ദവവും അന്നു ഞാനറിഞ്ഞിരുന്നില്ല. എന്നാലും ഞാന്‍ നിര്‍ന്നിമേഷയായി, നിര്‍ലജ്ജം നിന്നെത്തന്നെ നോക്കിക്കൊണ്ടുനിന്നു. ഞാന്‍ എന്നെന്നും കണ്ടെത്തുവാനും സ്‌നേഹിക്കുവാനും ആഗ്രഹിച്ചിരുന്ന ആ രാജാവ് നീതന്നെയാണെന്ന് എനിക്കു മനസ്സിലായി. കുബേരപുത്രനായ ജീനോ രാജാവായിരുന്നില്ല. എനിക്ക് മാനനീയമായ ഒരു സ്ഥാനം സമുദായത്തില്‍ ഉണ്ടാക്കിത്തന്ന സ്‌നേഹസമ്പന്നനായിരുന്ന എന്റെ ഭര്‍ത്താവും രാജാവായിരുന്നില്ല. രാജാവിന് സമ്പത്തും സ്‌നേഹശീലവും മാത്രമല്ലല്ലോ ഗുണങ്ങളായിട്ടുള്ളത്. നീ എല്ലാ ഗുണങ്ങളുടെയും പ്രതീകമായിരുന്നു. നിന്റെ ശരീരത്തിന്റെ അഴകുകളെപ്പറ്റി എനിക്കന്ന് അറിയാമായിരുന്നില്ല. എന്നിട്ടും നിന്നെ നോക്കിനിന്നപ്പോള്‍ ഞാന്‍ കോള്‍മയിര്‍ക്കൊണ്ടു. എന്റെ സ്വരം ഇടറി. എനിക്ക് വ്യക്തമായി യാതൊന്നും കുറച്ചുനേരത്തേക്ക് പറയുവാന്‍ കഴിഞ്ഞില്ല. നീ ചിരിച്ചു. നിന്റെ ചിരി! അഹോ, നിന്റെ മനോഹരമായ ചിരി. നിന്റെ മനോഹര മനോഹരമായ ആ ചിരി. വലിപ്പമുള്ള പല്ലുകള്‍ വെളിപ്പെടുത്തിക്കൊണ്ട് നീ ചിരിച്ചു. ഞാനുടനെ നിന്റെ അടിമയായി. നിന്റെ പോറ്റമ്മയായി, നിന്റെ വെപ്പാട്ടിയായി. നിനക്ക് എന്റെ അപ്പോഴത്തെ വിചാരങ്ങള്‍ മനസ്സിലായില്ല. അതുകൊണ്ട് നീ പറഞ്ഞു: 'പരിചയപ്പെട്ടതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ കവിതകള്‍ എനിക്കെന്നും വളരെ ഇഷ്ടപ്പെട്ടവയാണ്....' സന്തോഷം! സന്തോഷം വരാന്‍ കിടക്കുന്നതേയുള്ളൂ എന്ന് എനിക്ക് പറയുവാന്‍ തോന്നി. സന്തോഷം എന്നില്‍നിന്നും നിന്നിലേക്ക് ഒഴുകിഒഴുകി വന്നെത്തും. നീ അതില്‍ മുങ്ങിപ്പോവും. നീ നിന്റെ സന്തോഷത്തില്‍ കിടന്ന് നിസ്സഹായനായിത്തീരും.
'ഇപ്പോഴും നീ ജീനോവിന്റെ കാമുകിയാണോ?' രാജാവ് ചോദിച്ചു.
'അതെങ്ങനെയാണ്?' ഞാന്‍ ചോദിച്ചു: 'നിനക്കുശേഷം ഞാനെങ്ങനെ ഈവിധത്തില്‍ മറ്റൊരാളെ സ്വീകരിക്കും?' രാജാവ് ലജ്ജിച്ചു തലതാഴ്ത്തി. അദ്ദേഹം എന്റെ കരവലയത്തില്‍ വീണ്ടുമൊരു പിഞ്ചു പൈതലായി. അദ്ദേഹത്തിന്റെ നേര്‍ത്ത നരകയറിയ മുടിയില്‍ ഞാന്‍ എന്റെ നനഞ്ഞ ചുണ്ടുകള്‍ അമര്‍ത്തി.
'നീ എന്നെ വിട്ടുപോവില്ല ഉവ്വോ?' അദ്ദേഹം ചോദിച്ചു.
'ഇല്ല.' ഞാന്‍ പറഞ്ഞു.
ഇല്ല, ഞാനാലോചിച്ചു. ഒരിക്കലും എനിക്കദ്ദേഹത്തെ വിട്ട് ജീവിക്കുവാന്‍ കരുത്തുണ്ടാവില്ല. നിന്റെ ശരീരത്തിന്റെ ചന്ദനനിറവും മാര്‍ദ്ദവവും മിനുമിനുപ്പും നറുമണവും വിട്ട് ഞാനെങ്ങോട്ടു പോവും? നീ എന്റെ ഏകലഹരിയാണ്. എന്റെ ലഹരിപദാര്‍ത്ഥവും നീ മാത്രമാണ്. നീ ഒരു ഭക്ഷ്യപദാര്‍ത്ഥമായിരുന്നുവെങ്കില്‍ നിന്നെ ഞാന്‍ എന്നേ തിന്നുതീര്‍ക്കുമായിരുന്നു. നീ ഒരു പാനീയമായിരുന്നെങ്കില്‍ ഞാന്‍ നിന്നെ കുടിച്ചുതീര്‍ക്കുമായിരുന്നു. നീ കടലായിരുന്നുവെങ്കില്‍ നിന്നില്‍ മുങ്ങിമരിക്കുമായിരുന്നു ഈ പാവപ്പെട്ടവള്‍. എന്നാല്‍ ഈ തൃഷ്ണ അടങ്ങുമായിരുന്നു. നിന്റെ ശരീരത്തില്‍ എല്ലായിടത്തും എന്റെ ഏറ്റവും അകന്ന അതിര്‍ത്തികള്‍ മാത്രമായ നിന്റെ അവയവാന്തരങ്ങളോരോന്നിലും ഒരു അന്വേഷകന്റെ കൗതുകത്തോടെ സഞ്ചരിക്കുവാന്‍ എന്റെ വരളുന്ന നാവ് വെമ്പുകയാണ്. നിന്റെയൊന്നിച്ചാവുമ്പോള്‍ എനിക്ക് ഭൂതകാലമില്ല. ഭാവിയുമില്ല, സ്മരണകളുമില്ല. ഈ ശയ്യയില്‍ ഞാന്‍ സ്വതന്ത്രയാണ്. ലോകത്തില്‍ സൃഷ്ടിക്കപ്പെട്ട ആദ്യത്തെ സ്ത്രീ ഞാനാണ്. നീ എന്റെ ഏകപുരുഷനും. ഭാവിതലമുറകള്‍ സൃഷ്ടികര്‍മ്മം കാത്ത് യവനികയ്ക്കു പിന്നില്‍ അക്ഷമരായി നില്‍ക്കുകയാണ്. നീ അച്ഛനായിത്തീരും, ഞാനമ്മയും....
'നീ ജീനോവിനെ ഉപേക്ഷിക്കണം.' രാജാവ് പിറുപിറുത്തു: 'നിന്റെ ആ പഴയ ബന്ധം എന്നെ അസൂയാലുവാക്കുകയാണ്.'
'അസംബന്ധം.' ഞാന്‍ പറഞ്ഞു: 'നിനക്ക് അസൂയ എന്താണെന്നുകൂടി അറിയില്ല.'
ജീനോ അസൂയാലുവായിരുന്നു. അയാള്‍ എന്നോട് ഒരിക്കല്‍ പറഞ്ഞു: 'നീ ഈ രാജ്യം ഉപേക്ഷിച്ച് എന്റെ കൂടെ ഇറ്റലിയിലേക്ക് വരണം. നീ എന്റെ പെണ്ണാണ്. നിന്നോട് എന്റെ സ്‌നേഹത്തെപ്പറ്റി വിവരിച്ചു തരുവാന്‍ ഞാന്‍ മിനക്കെടുന്നില്ല. നിന്റെ നീരുകളെല്ലാം, നിന്റെ വിയര്‍പ്പും, നിന്റെ വായിലെ ഉമിനീരും, നീണ്ട ആര്‍ത്തവരക്തവും എല്ലാം എന്റേതായിക്കഴിഞ്ഞിരിക്കുന്നു. നിന്റെ ഗര്‍ഭപാത്രത്തില്‍ ആദ്യമായി ചലനമുണ്ടാക്കിയത് ഞാനാണ്. നിന്റെ അടിവയറിന്റെ മിനുസപ്പെട്ട തൊലിയില്‍ നേര്‍ത്ത വെളുത്ത കലകള്‍ വീഴ്ത്തിയതും നിന്റെ തടിച്ച മുലകളെ ഇങ്ങനെ തളര്‍ത്തിയതും നിന്റെ കൈകാലുകള്‍ക്ക് ഒരാണിനെ രമിപ്പിക്കുവാനുള്ള പാടവം നേടിത്തന്നതും ഞാനാണ്. നീ എന്റെ ജീവനാണ്. അത് ഒരിക്കലും നീ മറക്കരുത്. നിന്നെ ദാരിദ്ര്യത്തില്‍നിന്നും പൊക്കിയെടുത്ത് ഞാനെന്റെ വീട്ടിലെ രാജ്ഞിയാക്കും. നീ എന്നും പിന്നീട് ആരോഗ്യവതിയാകും. നീ എന്നും സന്തോഷവതിയാകും.' ഓ, ജീനോ, നീ എന്തൊരു വിഡ്ഢിയാണ് എന്നു പറയുവാന്‍ എനിക്കുതോന്നി. നിന്റെ പണംകൊണ്ട് രാജാവിനെപ്പോലെയുള്ള ഒരു പാവയെ എനിക്കു വേണ്ടി നിര്‍മ്മിക്കുവാന്‍ നിനക്ക് സധിക്കുകയില്ലല്ലോ. ആറടി ഉയരത്തില്‍, ചന്ദനനിറത്തില്‍ മിനുസപ്പെടുത്തി ഉണ്ടാക്കിയ ഒരു തടിയന്‍ പാവ. മനോഹരമായി ചിരിക്കുന്ന ഒരു പാവ. എന്റെ മുഖത്ത് തന്റെ ചൂടുശ്വാസം ഏല്പിക്കുന്ന പാവ. എന്റെ കാതില്‍ അര്‍ഥമില്ലാത്ത ഓമനവാക്കുകള്‍ മന്ത്രിക്കുന്ന പാവ. എന്നെ നക്കുന്ന, എന്നെ കടിക്കുന്ന, എന്നെ മുറിവേല്പിക്കുന്ന, ഒരു തടിയന്‍ പാവ...
രാജാവിന്റെ കൈകള്‍ എന്നെ വരിഞ്ഞുകെട്ടി. എനിക്കു ശ്വാസം മുട്ടുന്നുണ്ടായിരുന്നു. 'ഞാനാണ് നിന്റെ കരടിപ്പാവ.' അദ്ദേഹം പിറുപിറുത്തു. 'പണ്ട് ഒരു കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ഒരു പീടികയില്‍ വെച്ചിരുന്ന കരടിപ്പാവയെ കണ്ടു മോഹിച്ചു വളരെനേരം കരഞ്ഞു. അച്ഛന്‍ കളിപ്പാട്ടങ്ങള്‍ വാങ്ങുവാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം പുസ്തകങ്ങള്‍ മാത്രമേ എനിക്കു വാങ്ങിത്തന്നിരുന്നുള്ളൂ. രണ്ടു കൊല്ലക്കാലം ദിവസേന ഞാന്‍ സ്‌കൂളിലേക്കു പോവുമ്പോള്‍ ആ പീടികയുടെ മുന്നില്‍ച്ചെന്നുനിന്ന് ആ കരടിയെ നോക്കിക്കാണാറുണ്ടായിരുന്നു. ഒരു ദിവസം അത് അപ്രത്യക്ഷമായി. രാജാവ് ആദ്യമായി എനിക്കു തന്ന സമ്മാനം ഒരു കള്ളന്‍ കരടിപ്പാവയായിരുന്നു. എനിക്ക് ആശ്ചര്യം തോന്നി. 'നിനക്ക് എങ്ങനെ മനസ്സിലായി?' ഞാന്‍ ചോദിച്ചു: 'നിനക്ക് എങ്ങനെ മനസ്സിലായി, ഞാന്‍ എന്നും ഈ കരടിക്കുവേണ്ടി മോഹിച്ചിരുന്നു എന്ന്?'
നീ എന്റെ ഉള്ളിലേക്ക് ഉറ്റുനോക്കി എന്റെ വിചാരങ്ങളെ നോക്കിക്കാണുകയാണോ? അതാണോ ഓമനേ നീ എന്നെ സുന്ദരീ എന്നു വിളിക്കുന്നത്? എന്റെ രൂപത്തിന് എന്തു സൗന്ദര്യമാണിപ്പോള്‍? എന്റെ മുടിക്ക് തിളക്കം നശിച്ചിരിക്കുന്നു. എന്റെ മുഖത്ത് മുഖക്കുരുകലകള്‍ നിറഞ്ഞിരിക്കുന്നു. എന്റെ കാല്‍വണ്ണയ്ക്കു കീഴില്‍ ആണ്‍കുട്ടികളുടെ കാലുകളിലെന്നപോലെ രോമം വളര്‍ന്നിരിക്കുന്നു. ഈ കുറ്റങ്ങളും വൈരൂപ്യങ്ങളും നിന്നെ ഞാനറിയിക്കുമ്പോള്‍, എന്റെ സൗന്ദര്യക്കുറവിനെച്ചൊല്ലി ഞാന്‍ വിലപിക്കുമ്പോള്‍ നീ പറയും: 'ഇതൊന്നും മറച്ചുപിടിക്കരുത്. നീ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഈ ഭാഗങ്ങളില്‍ ഞാന്‍ ചുംബിക്കട്ടെ. നിന്റ ലജ്ജയും നിന്റെ അപകര്‍ഷബോധവും ഞാന്‍ ചുംബിച്ചുനീക്കും. നീ എന്റെ ലാളനകള്‍ക്കുശേഷം അഭിമാനംകൊണ്ട് ജ്വലിക്കും. ലാളിക്കപ്പെട്ട്, ആരാധിക്കപ്പെട്ട് ഒടുവില്‍ നീ അഭിമാനത്തിന്റെ കനകജ്വാലയായിത്തീരും.'
രാജാവിന്റെ സ്‌നേഹം എന്റെ അന്തസ്സു വര്‍ധിപ്പിച്ചു. അതെനിക്ക് പണ്ടെങ്ങുമില്ലാത്ത ഒരു ഭാവഗാംഭീര്യം നേടിത്തന്നു. പക്ഷേ, എന്റെ കവിതയെഴുത്ത് തീരെ നിന്നുപോയി. എന്റെ വാക്ശക്തി ക്ഷയിച്ചു. സ്വര്‍ണമുട്ടയിട്ടിരുന്ന പക്ഷി മുട്ടയിടല്‍ അവസാനിപ്പിച്ചുവോ എന്ന് ഒരു വായനക്കാരന്‍ എന്നോടെഴുതിച്ചോദിച്ചു. ഞാനന്നു കരഞ്ഞു. എന്റെ ഭര്‍ത്താവ് പറഞ്ഞു: 'നീ കരയരുത്. നീ ഇനിയും എഴുതിത്തുടങ്ങും. രാജാവിന്റെ മരണത്തിനുശേഷം നിന്റെ കവിത ഉയിര്‍ത്തെഴുന്നേല്‍ക്കും. നീയും രാജാവുമായിട്ടുള്ള പ്രേമബന്ധത്തെപ്പറ്റി അന്നു നീ കവിതകളെഴുതും. തീപോലെ കത്തുന്ന കവിതകള്‍. അന്നു നീ ലോകപ്രസിദ്ധയാവും. അപ്പോള്‍ നീ ജീവിക്കും. പ്രേമിക്കും. പ്രേമിക്കപ്പെടും.'രാജാവിനെ അദ്ദേഹം ഒരിക്കലും കുറ്റപ്പെടുത്തിയില്ല. തന്റെ ഭാര്യയുടെ ആനന്ദത്തിന് ആവശ്യമായിത്തീര്‍ന്ന ഒരു വസ്തുവായി അദ്ദേഹം രാജാവിനെ കരുതിപ്പോന്നു.
'ഞാനിനി എഴുതില്ലേ?' ഞാന്‍ വീണ്ടും വീണ്ടും എന്റെ ഭര്‍ത്താവിനോടു ചോദിച്ചു. എനിക്കെന്തു പറ്റി? ഞാന്‍ എന്റെ കുട്ടികളില്‍ കുറ്റം ചുമത്തിനോക്കി. എന്റെ ദേഹാസ്വാസ്ഥ്യങ്ങളെ കുറ്റപ്പെടുത്തി. പക്ഷേ, വാസ്തവം പറയുവാന്‍ ധൈര്യം വന്നതേയില്ല. ഞാന്‍ തേടിക്കൊണ്ടിരുന്നത് ഇന്നെന്റെ സ്വന്തമായിക്കഴിഞ്ഞുവെന്ന് ഞാന്‍ എങ്ങനെ എല്ലാവരോടും പറഞ്ഞു മനസ്സിലാക്കും? എല്ലാ കവിതകളെയും അവസാനിപ്പിക്കുന്ന ഒടുക്കത്തെ കവിത, ശവമഞ്ചംപോലെ സമ്പൂര്‍ണമായ ആ ഒടുക്കത്തെ കവിത നീയാണെന്ന് ഞാന്‍ എങ്ങനെ അന്യന്മാരോട് പറയും എന്റെ രാജാവേ....?
'നിന്നെ ഞാന്‍ മൗനിയാക്കി.' രാജാവ് പറഞ്ഞു: 'നീ എത്ര കാലമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ട്? ഞാന്‍ മരിച്ചാല്‍ മാത്രമേ ഇനി നീ വീണ്ടും കവയിത്രിയാവുകയുള്ളൂ.'
'ഇനി കവയിത്രിയാവുകയേ വേണ്ട.' ഞാന്‍ പറഞ്ഞു: 'കവയിത്രീനാട്യവും പേറിക്കൊണ്ടു നടന്നിരുന്ന കാലത്ത് എന്നോട് ആര്‍ക്കും യാതൊരു ബഹുമാനവുമുണ്ടായിരുന്നില്ല. പ്രേമരംഗങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ എന്റെ കവിതകളില്‍ സാധാരണമായിരുന്നു. ഒരു മാന്യന്‍ എന്നെ തന്റെ ഓഫീസിലേക്ക് ചായയ്ക്ക് ക്ഷണിച്ചുവരുത്തി എന്നോടു പറഞ്ഞു: 'ഞാന്‍ ഒരു നല്ല വീട് വാടകയ്‌ക്കെടുക്കാം. എന്നിട്ട് ദിവസവും ഉച്ചഭക്ഷണത്തിനുശേഷം നമുക്ക് രണ്ടുപേര്‍ക്കും ഒന്നരമണിക്കൂര്‍ നേരം അവിടെ പോയി വിശ്രമിക്കാം. ഞാന്‍ വല്ലാതെ ജോലി എടുക്കുന്നു. എനിക്കും ആവശ്യമാണ് കുറച്ചു വിശ്രമവും ശാന്തിയും... നിങ്ങള്‍ക്കു സമ്മതമാണോ?'
'ഇതിനു നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തതിന്റെ കാരണമെന്താണ്?' ഞാന്‍ ഭാവഭേദമില്ലാതെ ചോദിച്ചു.
'നിങ്ങളെപ്പോലെയുള്ള ഒരു സ്ത്രീയെ എനിക്കു വേഗത്തില്‍ സ്‌നേഹിച്ചുതുടങ്ങാം. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.'
'വളരെ നന്ദി.' ഞാന്‍ ആത്മാര്‍ഥതയോടെ പറഞ്ഞു: 'പക്ഷേ, ഞാന്‍ ഒരു സ്‌നേഹബന്ധത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇനിയും ഒരാളേയും സ്‌നേഹിക്കുവാന്‍ എനിക്കു കഴിയുകയില്ല.'
വാസ്തവത്തിലും ഞാന്‍ അയാളോട് നന്ദിയുള്ളവളായിരുന്നു. ബുദ്ധിമാനും നര്‍മ്മബോധമുള്ളവനുമായ ഒരു സാഹിത്യകാരന്‍ കുടിച്ചു സ്വബോധം നശിച്ചപ്പോള്‍ ഒരിക്കല്‍ എനിക്കു ഫോണ്‍ ചെയ്തിട്ടു പറഞ്ഞു: 'വരൂ മോളേ, എന്റെകൂടെ വന്നു കിടക്കൂ. ദയവുചെയ്ത് എന്റെ കൂടെ കിടക്കൂ.'
ഇതൊക്കെയായിരുന്നു എന്റെ കവയിത്രീജീവിതത്തിന്റെ മുഖ്യനേട്ടങ്ങള്‍. ഇവയൊക്കെത്തന്നെയായിരുന്നു എന്റെ പരാജയങ്ങളും. ഞാന്‍ ആദരിക്കപ്പെടേണ്ടവളാണെന്ന് അവര്‍ക്ക് തോന്നിയിരുന്നെങ്കില്‍ അവര്‍ എന്നെ സഹശയനത്തിന് യാതൊരു സങ്കോചവും കൂടാതെ ക്ഷണിക്കുമായിരുന്നോ? സ്ത്രീശരീരത്തെ ആര്‍ക്കും ബഹുമാനിക്കാം.
അതിനെ പുരുഷന്‍ പോഷിപ്പിക്കുന്നു. പുരുഷന്റെ നിക്ഷേപങ്ങളെ അതു വിട്ടുകൊടുക്കുന്നു, അത്രമാത്രം. അതിന്റെ ത്യാഗം ത്യാഗമല്ല, വെറും കടംവീട്ടല്‍ മാത്രമാണ്.
പെട്ടെന്ന് രാജാവ് പറഞ്ഞു: 'ഞാന്‍ വൃദ്ധനായിക്കഴിഞ്ഞാല്‍ നീ എന്നെ ഉപേക്ഷിക്കുമോ? എനിക്കിപ്പോഴും ഇത്തരം ഭയങ്ങളാണ് ഉള്ളില്‍. അകത്ത് തീ കത്തുന്നതുപോലെ എരിച്ചില്‍.'
ഞാന്‍ അദ്ദേഹത്തെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: 'നീ ഇതിലും ചെറുപ്പായിത്തീര്‍ന്നാല്‍ നിന്നെ ഞാന്‍ ഉപേക്ഷിക്കും. നിന്റെ നരച്ച മുടിയിഴകളിലൊന്ന് കറുത്തുപോയാല്‍, നിന്റെ മുഖത്തെ ചുളിവുകളിലൊന്നെങ്കിലും മാഞ്ഞുപോയാല്‍ ഞാന്‍ നിന്നെ ഉപേക്ഷിക്കും.'
'നീ എന്നെ വിട്ടുപോവില്ല, ഉവ്വോ?' അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ സ്വരത്തിന് വാര്‍ദ്ധക്യം ബാധിച്ചുവെന്ന് എനിക്കു തോന്നി. എന്റെ മനസ്സ് മന്ത്രിച്ചു: ഞാന്‍ ഈ മനുഷ്യനെ തകര്‍ത്തിരിക്കയാണ്. അദ്ദേഹത്തിന്റെ ഗാംഭീര്യം നശിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മാഭിമാനം കെടുത്തി. രാജ്യകാര്യങ്ങളില്‍ അദ്ദേഹത്തിന് ശ്രദ്ധയില്ലാതായിത്തീര്‍ന്നു. ഞാന്‍ അദ്ദേഹത്തെ ഒരു മരപ്പാവയാക്കിത്തീര്‍ത്തു. ഇടയ്ക്കിടയ്ക്ക് എന്റെ മാറിടത്തില്‍ മുഖംവെച്ചു തേങ്ങുന്ന ഒരു പടുവൃദ്ധനാക്കിത്തീര്‍ത്തു.
'ഇല്ല ബേബീ, ഞാനൊരിക്കലും നിന്നെ വിട്ടുപോവില്ല.' ഞാന്‍ പറഞ്ഞു. അതേ നിമിഷത്തില്‍ ഞാന്‍ ആദ്യമായി നിസ്വാര്‍ത്ഥമായ ഒരു തീരുമാനമെടുത്തു. അദ്ദേഹത്തെ ഉപേക്ഷിച്ചുപോവാന്‍ ഞാന്‍ തീര്‍ച്ചയാക്കി. അദ്ദേഹത്തെ വീണ്ടും ഒരു വീരപുരുഷനാക്കാന്‍, വീണ്ടും ഒരു പരിപൂര്‍ണനേതാവാക്കുവാന്‍ ഞാന്‍ അയാളെ വിട്ടുപോവണമെന്ന് എനിക്കു മനസ്സിലായി. സ്‌നേഹം രാജാക്കന്മാര്‍ക്ക് വിഷതുല്യമാണ്. ആ ത്യാഗകര്‍മ്മത്തോടെ എന്റെ മാനസികമായ വളര്‍ച്ച പൂര്‍ത്തിയാവുമെന്ന് അപ്പോള്‍ എനിക്കു തോന്നി.
(മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മാധവിക്കുട്ടിയുടെ സ്ത്രീകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
Comments
Post a Comment